Wednesday, November 19, 2008

ബിംബങ്ങള്‍

പ്രാകൃതബിംബങ്ങളുടെ
യവനികയ്ക്കുള്ളില്‍അറിയാത്ത
നടനായി കാലം,ആള്‍മാറാട്ടം
നടത്തിക്കൊണ്ടിരിക്കുന്നു.

അറിയാത്ത സദസ്സുകളില്‍,
അറിയപ്പെടാത്ത,ആരുമല്ലാത്ത
അവന്‍,അറിവിലൂടെ അവനെത്തന്നെ
അറിയാന്‍ ശ്രമിക്കകയായിരുന്നില്ലെ?

ജരാനരകള്‍കൊണ്ട് ;
വികൃതമായവികാരത്തെ
വിറങ്ങലിപ്പിക്കാമെന്നും,
മോഹങ്ങളെ മറച്ചുവയ്ക്കാമെന്നും,
സ്വപ്നങ്ങളില്‍ മാത്രം കാലം
കരുണകാട്ടി കാണിച്ചുതരുന്നു!

കാലം വിരസതയുടെ വേലിയേറ്റം
സൃഷ്ടിച്ചത്,
കണ്ണുകളിലെ തീഷ്ണത മറച്ചുപിടിച്ചത്,
ഒരു തമാശ മാത്രമായിരുന്നില്ലെ?

അമ്മയുടെ ഗര്‍ഭപാത്രത്തിനുപോലും
വാടക നിശ്ചയിക്കുന്ന കാലത്തില്‍,
പ്രതിഫലം മോഹിക്കാത്ത ബന്ധങ്ങളുടെ
ആഴത്തില്‍ ഞാന്‍ തെരയുന്നത്,
എന്നെ ത്തന്നെയല്ലേ?

അലസമായ മുഖഭാവത്തിലും,
ഇഴപിരിഞ്ഞ മുടിയിഴകളിലും,
ദൈന്യതയുടെ മുഖം മൂടിയിലും,
ഞാന്‍ കാണാതിരുന്ന വികാരം
എന്തായിരുന്നു?

മനസ്സിന്റെ ഉള്ളറകളില്‍,
മറ്റാരുമറിയാതെ മറച്ചുവച്ചിരുന്നത്
മനസ്സിനെത്തന്നെയായിരുന്നില്ലേ?

Friday, November 7, 2008

അമ്മ

വ്യക്തമായ വരികളില്‍,
വ്യക്തമായിക്കുറിക്കാന്‍ കഴിയുന്ന,
വ്യക്തിബന്ധങ്ങളില്‍,
വെട്ടിത്തിരുത്താനാവാത്ത,ഏകബന്ധം
മാതൃബന്ധം തന്നെയല്ലേ?

ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കും,
കോരിച്ചൊരിയുന്ന പേമാരിക്കും,
ചുഴറ്റിയെറിയുന്ന കൊടുംകാറ്റിനും,
കടപുഴകിവീഴ്ത്താന്‍ കഴിയാത്ത
ഏകബന്ധവും അമ്മതന്നെയല്ലേ?

വഞ്ചിക്കുന്ന പുഞ്ചിരിക്കും,
നിശ്വസിക്കുന്ന അവിശ്വാസത്തിനും,
വീമ്പിളക്കുന്ന വികാരത്തിനും,
വിലാസമായ വിനോദത്തിനും,
വീണ്‍വാക്കുചൊല്ലിപ്പിരിയാന്‍
കഴിയാത്തഏകബന്ധവും
മാതാവുതന്നെയല്ലേ?

കാലത്തിന്റെ കണക്കുപുസ്തകത്തില്‍
നെടുകെയും,കുറുകെയുമെഴുതി
കണക്കുകൂട്ടുമ്പോള്‍,

എന്നും എങ്ങോട്ടുകൂട്ടിയാലും,
കിഴിച്ചാലും,
ഗുണിച്ചാലും,ഹരിച്ചാലും,
ഉത്തരം തെറ്റാതെകിട്ടുന്ന ഒരേ
ഒരു കണക്ക്,
അമ്മയുടേതുതന്നെയല്ലേ?

സുപ്രഭാതം പോലെ,
സന്ധ്യാദീപം പോലെ,
മനസ്സാക്ഷിയുടെ തിളക്കം പോലെ,
മാസ്മരസൌഖ്യമരുളുന്ന
മന്ത്രസ്വരൂപിണിയും മറ്റാരുമല്ലല്ലോ?

മായ്ച്ചാലും മായാത്ത
മധുര സ്മരണകളി‍ല്‍,
മങ്ങാതെ മറയാതെ മഞ്ഞുപോലെ
മനോഹരിയായ മാതൃത്വമേ....
മനസ്സുകൊണ്ട് ,മന്ദഹാസത്തോടെ
മറ്റാരുമറിയാതെ മന്ദം,മന്ദം..
മാറില്‍ ചേര്‍ന്ന് മയങ്ങട്ടെ!
ഞാന്‍....മതിവരുവോളവും....


ശ്രീദേവിനായര്‍.

Wednesday, October 29, 2008

നഷ്ടങ്ങള്‍

നഷ്ടപ്പെടുമ്പോള്‍മാത്രംതിരിച്ചറിയുന്ന
ബന്ധങ്ങളുടെ തീവ്രത,
നഷ്ടപ്പെടാതിരിക്കാന്‍വഴിയൊരുക്കുന്നില്ല;

കാലം കനിവുകാട്ടാതിരിക്കുമ്പോള്‍,
മനസ്സും ശരീരവും നഷ്ടങ്ങളെ
മറക്കാന്‍ ശ്രമിക്കുന്നു.

എന്നും ലാഭം മാത്രം കൊയ്യുന്നൊരു
യന്ത്രമായ്,ആഗ്രഹങ്ങള്‍!
അതിനായ് മാത്രം ഞാന്‍
ആശിച്ചുകൊണ്ടേയിരിക്കുന്നു!

ഇത്രയുംമോഹങ്ങള്‍എന്നിലുണ്ടായിട്ടും,
ഞാനെന്തേ നിര്‍വ്വികാരയായീ?
എന്നോട്ഞാന്‍എന്നുംചോദിക്കുന്നൂ.

ഉത്തരം ഒരു ചിരിയിലൊതുക്കുമ്പോള്‍,
കാരണവും ഞാന്‍ കണ്ടുപിടിക്കുന്നു.
എന്തെന്നല്ലേ?

ഒരുചിരിക്ക് ഞാന്‍ ഒരിക്കലും
വില നല്‍കേണ്ടതില്ലല്ലോ?
അത് എന്റേതു മാത്രമല്ലേ?
എന്റെ സ്വന്തം,പുഞ്ചിരി.!


ശ്രീദേവിനായര്‍.

Friday, October 10, 2008

മനസ്സ്

സഞ്ചരിക്കാന്‍ ദുഷ്കരമായിടത്തൊക്കെ
ഞാന്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു.
സുകരമായിടത്ത് മടിച്ചുനിന്നു.

കാത്തിരുന്നവരെഎപ്പോഴുംനിരാശരാക്കി
ഏകാന്തതയുടെ തീരങ്ങളിലഭയംതേടി.
നിശയുടെനീര്‍ക്കയങ്ങളില്‍ മുങ്ങി
ത്താഴാതിരിക്കാന്‍,

സ്വപ്നങ്ങളെ പഞ്ഞിപോലെ
മൃദുലമാക്കി.
അവ,അനന്തതയില്‍ പാറിപ്പറന്ന്
എന്നെ വാനോളം ഉയര്‍ത്തിപ്പറത്തി.

സൂര്യരശ്മികള്‍ തട്ടി ഞാന്‍
ഏഴുനിറങ്ങളില്‍ പുഞ്ചിരിച്ചു.
സ്ഫടികം പോലെ നിഷ്കളങ്കമായിരി
ക്കാന്‍ആവതും ശ്രമിച്ചു.

പക്ഷേ,ഒരുയാത്രയ്ക്കുശേഷം
എന്റെ സ്വപ്നങ്ങള്‍,
മഞ്ഞുതുള്ളിയുടെ നനവേറ്റ്
പറക്കാതെ നിന്നു.

ഞാനാകട്ടെ,
കുപ്പിച്ചില്ലുപോലെ;
പൊട്ടിത്തകര്‍ന്നു!


ശ്രീദേവിനായര്‍.

Wednesday, October 1, 2008

അഹിംസ

കുറ്റപ്പെടുത്തലുകള്‍,
പരിഹാസശരങ്ങള്‍,
എല്ലാം മനുഷ്യസഹജമോ?

വേദനിപ്പിക്കുന്നവര്‍
വേദാന്തികളെപ്പോലെസംസാരിക്കുന്നു.
അഹിംസയെപ്പറ്റിപ്രസംഗിക്കുന്നു.

വേദനിക്കുന്നവന്റെകവിളില്‍
ആഞ്ഞടിക്കുമ്പോള്‍,
മറ്റേക്കവിളിന്റെഊഴവുംകാത്ത്
കണ്ടുനില്‍ക്കുന്നവന്‍പൊട്ടിച്ചിരിക്കുന്നു;
കാത്തുനില്‍ക്കുന്നു.

മഹാത്മാക്കളുടെപാത
പിന്തുടരുന്നുവെന്നവകാശപ്പെടുന്ന
സംസ്ക്കാരം,
ഇന്നുവെറും കമ്പോളച്ചരക്കുമാത്രം!

തെരുവോരങ്ങളിലെ,അശാന്തിയെ
കാണുന്നില്ല;
കണ്ടതായിനടിക്കുന്നില്ല!


ശ്രീദേവിനായര്‍.





Monday, September 29, 2008

കള്ളന്‍

വീട്ടിനുള്ളില്‍ കള്ളനെക്കണ്ടനായ
വീടുചുറ്റിഓടുന്നു,കുരയ്ക്കുന്നു.
അവന്‍പലഭാവങ്ങളുംകാണിക്കുന്നു.

ഉടമസ്ഥന്‍വന്ന്കള്ളനെകണ്ടുപിടിച്ചാലെ,
അവന്‍ കുര മതിയാക്കുകയുള്ളു.
അതുപോലെയാണെന്റെ മനസ്സുമിപ്പോള്‍,
കുരയ്ക്കുന്നനായയെപ്പോലെ
അസ്വസ്തമാണത്.

കാരണം കള്ളനെകാണിച്ചുതരാന്‍ എന്റെ
മനസ്സിനു കഴിയുന്നില്ല.
അവന്‍ ഒളിച്ചിരുന്നുതുടങ്ങിയിട്ട് കാലം
എത്രയോ കഴിഞ്ഞിരിക്കുന്നു.

ഉള്ളിലിരിക്കുന്ന കള്ളനെക്കാണാതെ
ഞാന്‍ പുറമേ അന്യേഷിച്ചു
നിരാശയായി നെടുവീര്‍പ്പിടുന്നു.
എന്നിട്ടും അവനെ ഞാന്‍ കാണുന്നുമില്ല!
കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുമില്ല.!


ശ്രീദേവിനായര്‍.

Friday, September 26, 2008

ഒരുസ്വപ്നം

ഒരുജീവിതമിന്നെന്നെപ്പഠിപ്പിച്ചു,
പലതാംവഴിയില്‍ക്കടന്നുപോയീ..
പലതാംകാഴ്ച്ചകള്‍കാട്ടിപ്പിന്നെ
പലവാക്കുചൊല്ലിപ്പിരിഞ്ഞുപോയി.

ഒരുപാടുസ്വപ്നംകൊഴിഞ്ഞുവീണു.
സിന്ദൂരസന്ധ്യതന്‍ മോഹങ്ങളും.
ഒരുദിവ്യരാഗംപകുത്തുനല്‍കാന്‍,
ഇനിയൊരുജന്മമെനിക്കുനല്‍കു..


ശ്രീദേവിനായര്‍.