Sunday, January 11, 2009

തിരിച്ചറിവ്

എന്നില്‍തട്ടി പ്രതിധ്വനിച്ചശബ്ദങ്ങളില്‍
ഒന്ന്,എന്റെപേരായിരുന്നു!
ഞാനായ ജന്മത്തിന്റെ നിര്‍മ്മാണത്തിന്
ഭാഗഭാക്കുകളാകേണ്ടിവന്ന മാതാപിതാക്കളെ
ഞാന്‍ തെരഞ്ഞു;

ദിവ്യചക്ഷുസ്സുക്കള്‍കൊണ്ട് ഞാന്‍ ദര്‍ശിച്ച
അനേകദൃശ്യങ്ങളെല്ലാം,എന്നില്‍ അവാച്യമായ
അനുഭൂതിഉളവാക്കി!

കാതിലലയടിച്ചെത്തിയ നാനാതരം ശബ്ദങ്ങളില്‍
ഇമ്പമായതിനെ മാത്രം ഞാന്‍ സ്വീകരിച്ചു!
പരമാണുവില്‍ പോലും എന്റെതന്നെ സ്വരൂപം
ദര്‍ശിച്ച ഞാന്‍ എന്നില്‍ തൃപ്തയായീ!

പൊഴിഞ്ഞുവീണമുടിയിഴകളില്പോലും
എന്നെ ദര്‍ശിച്ച ഞാന്‍,
പ്രായാധിക്യത്താല്‍ വിളറിവെളുത്ത തലമുടി
കണ്ട് നിശബ്ദയായി തേങ്ങി!

പൊഴിഞ്ഞുവീണ പല്ല്,എന്നെനോക്കിദൈന്യ
തയോടെ കരഞ്ഞത് കാണാതെ,ഞാന്‍
പുഞ്ചിരിക്കുന്ന ദന്തനിരകളെ നോക്കിനിന്നു!

രാത്രിയുടെ അരണ്ട വെളിച്ചത്തില്‍
ശരീരത്തിലെ മുറിവുകള്‍മറയ്ക്കാന്‍
ശ്രമിക്കുന്ന കിടക്ക വിരിയെകണ്ടഞാന്‍
സാന്ത്വനിപ്പാനായി,തഴുകിത്തലോടി;

പ്രഭാതത്തിന്റെ നിറവില്‍ സൂചിനൂലാല്‍
മുറിവ് ഉണക്കാമെന്ന വാഗ്ദ്ധാനത്തില്‍
അവളോടൊപ്പം ശയിക്കാന്‍ ഒരുങ്ങീ!