Wednesday, October 29, 2008

നഷ്ടങ്ങള്‍

നഷ്ടപ്പെടുമ്പോള്‍മാത്രംതിരിച്ചറിയുന്ന
ബന്ധങ്ങളുടെ തീവ്രത,
നഷ്ടപ്പെടാതിരിക്കാന്‍വഴിയൊരുക്കുന്നില്ല;

കാലം കനിവുകാട്ടാതിരിക്കുമ്പോള്‍,
മനസ്സും ശരീരവും നഷ്ടങ്ങളെ
മറക്കാന്‍ ശ്രമിക്കുന്നു.

എന്നും ലാഭം മാത്രം കൊയ്യുന്നൊരു
യന്ത്രമായ്,ആഗ്രഹങ്ങള്‍!
അതിനായ് മാത്രം ഞാന്‍
ആശിച്ചുകൊണ്ടേയിരിക്കുന്നു!

ഇത്രയുംമോഹങ്ങള്‍എന്നിലുണ്ടായിട്ടും,
ഞാനെന്തേ നിര്‍വ്വികാരയായീ?
എന്നോട്ഞാന്‍എന്നുംചോദിക്കുന്നൂ.

ഉത്തരം ഒരു ചിരിയിലൊതുക്കുമ്പോള്‍,
കാരണവും ഞാന്‍ കണ്ടുപിടിക്കുന്നു.
എന്തെന്നല്ലേ?

ഒരുചിരിക്ക് ഞാന്‍ ഒരിക്കലും
വില നല്‍കേണ്ടതില്ലല്ലോ?
അത് എന്റേതു മാത്രമല്ലേ?
എന്റെ സ്വന്തം,പുഞ്ചിരി.!


ശ്രീദേവിനായര്‍.

Friday, October 10, 2008

മനസ്സ്

സഞ്ചരിക്കാന്‍ ദുഷ്കരമായിടത്തൊക്കെ
ഞാന്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു.
സുകരമായിടത്ത് മടിച്ചുനിന്നു.

കാത്തിരുന്നവരെഎപ്പോഴുംനിരാശരാക്കി
ഏകാന്തതയുടെ തീരങ്ങളിലഭയംതേടി.
നിശയുടെനീര്‍ക്കയങ്ങളില്‍ മുങ്ങി
ത്താഴാതിരിക്കാന്‍,

സ്വപ്നങ്ങളെ പഞ്ഞിപോലെ
മൃദുലമാക്കി.
അവ,അനന്തതയില്‍ പാറിപ്പറന്ന്
എന്നെ വാനോളം ഉയര്‍ത്തിപ്പറത്തി.

സൂര്യരശ്മികള്‍ തട്ടി ഞാന്‍
ഏഴുനിറങ്ങളില്‍ പുഞ്ചിരിച്ചു.
സ്ഫടികം പോലെ നിഷ്കളങ്കമായിരി
ക്കാന്‍ആവതും ശ്രമിച്ചു.

പക്ഷേ,ഒരുയാത്രയ്ക്കുശേഷം
എന്റെ സ്വപ്നങ്ങള്‍,
മഞ്ഞുതുള്ളിയുടെ നനവേറ്റ്
പറക്കാതെ നിന്നു.

ഞാനാകട്ടെ,
കുപ്പിച്ചില്ലുപോലെ;
പൊട്ടിത്തകര്‍ന്നു!


ശ്രീദേവിനായര്‍.

Wednesday, October 1, 2008

അഹിംസ

കുറ്റപ്പെടുത്തലുകള്‍,
പരിഹാസശരങ്ങള്‍,
എല്ലാം മനുഷ്യസഹജമോ?

വേദനിപ്പിക്കുന്നവര്‍
വേദാന്തികളെപ്പോലെസംസാരിക്കുന്നു.
അഹിംസയെപ്പറ്റിപ്രസംഗിക്കുന്നു.

വേദനിക്കുന്നവന്റെകവിളില്‍
ആഞ്ഞടിക്കുമ്പോള്‍,
മറ്റേക്കവിളിന്റെഊഴവുംകാത്ത്
കണ്ടുനില്‍ക്കുന്നവന്‍പൊട്ടിച്ചിരിക്കുന്നു;
കാത്തുനില്‍ക്കുന്നു.

മഹാത്മാക്കളുടെപാത
പിന്തുടരുന്നുവെന്നവകാശപ്പെടുന്ന
സംസ്ക്കാരം,
ഇന്നുവെറും കമ്പോളച്ചരക്കുമാത്രം!

തെരുവോരങ്ങളിലെ,അശാന്തിയെ
കാണുന്നില്ല;
കണ്ടതായിനടിക്കുന്നില്ല!


ശ്രീദേവിനായര്‍.