Friday, October 10, 2008

മനസ്സ്

സഞ്ചരിക്കാന്‍ ദുഷ്കരമായിടത്തൊക്കെ
ഞാന്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു.
സുകരമായിടത്ത് മടിച്ചുനിന്നു.

കാത്തിരുന്നവരെഎപ്പോഴുംനിരാശരാക്കി
ഏകാന്തതയുടെ തീരങ്ങളിലഭയംതേടി.
നിശയുടെനീര്‍ക്കയങ്ങളില്‍ മുങ്ങി
ത്താഴാതിരിക്കാന്‍,

സ്വപ്നങ്ങളെ പഞ്ഞിപോലെ
മൃദുലമാക്കി.
അവ,അനന്തതയില്‍ പാറിപ്പറന്ന്
എന്നെ വാനോളം ഉയര്‍ത്തിപ്പറത്തി.

സൂര്യരശ്മികള്‍ തട്ടി ഞാന്‍
ഏഴുനിറങ്ങളില്‍ പുഞ്ചിരിച്ചു.
സ്ഫടികം പോലെ നിഷ്കളങ്കമായിരി
ക്കാന്‍ആവതും ശ്രമിച്ചു.

പക്ഷേ,ഒരുയാത്രയ്ക്കുശേഷം
എന്റെ സ്വപ്നങ്ങള്‍,
മഞ്ഞുതുള്ളിയുടെ നനവേറ്റ്
പറക്കാതെ നിന്നു.

ഞാനാകട്ടെ,
കുപ്പിച്ചില്ലുപോലെ;
പൊട്ടിത്തകര്‍ന്നു!


ശ്രീദേവിനായര്‍.

Wednesday, October 1, 2008

അഹിംസ

കുറ്റപ്പെടുത്തലുകള്‍,
പരിഹാസശരങ്ങള്‍,
എല്ലാം മനുഷ്യസഹജമോ?

വേദനിപ്പിക്കുന്നവര്‍
വേദാന്തികളെപ്പോലെസംസാരിക്കുന്നു.
അഹിംസയെപ്പറ്റിപ്രസംഗിക്കുന്നു.

വേദനിക്കുന്നവന്റെകവിളില്‍
ആഞ്ഞടിക്കുമ്പോള്‍,
മറ്റേക്കവിളിന്റെഊഴവുംകാത്ത്
കണ്ടുനില്‍ക്കുന്നവന്‍പൊട്ടിച്ചിരിക്കുന്നു;
കാത്തുനില്‍ക്കുന്നു.

മഹാത്മാക്കളുടെപാത
പിന്തുടരുന്നുവെന്നവകാശപ്പെടുന്ന
സംസ്ക്കാരം,
ഇന്നുവെറും കമ്പോളച്ചരക്കുമാത്രം!

തെരുവോരങ്ങളിലെ,അശാന്തിയെ
കാണുന്നില്ല;
കണ്ടതായിനടിക്കുന്നില്ല!


ശ്രീദേവിനായര്‍.





Monday, September 29, 2008

കള്ളന്‍

വീട്ടിനുള്ളില്‍ കള്ളനെക്കണ്ടനായ
വീടുചുറ്റിഓടുന്നു,കുരയ്ക്കുന്നു.
അവന്‍പലഭാവങ്ങളുംകാണിക്കുന്നു.

ഉടമസ്ഥന്‍വന്ന്കള്ളനെകണ്ടുപിടിച്ചാലെ,
അവന്‍ കുര മതിയാക്കുകയുള്ളു.
അതുപോലെയാണെന്റെ മനസ്സുമിപ്പോള്‍,
കുരയ്ക്കുന്നനായയെപ്പോലെ
അസ്വസ്തമാണത്.

കാരണം കള്ളനെകാണിച്ചുതരാന്‍ എന്റെ
മനസ്സിനു കഴിയുന്നില്ല.
അവന്‍ ഒളിച്ചിരുന്നുതുടങ്ങിയിട്ട് കാലം
എത്രയോ കഴിഞ്ഞിരിക്കുന്നു.

ഉള്ളിലിരിക്കുന്ന കള്ളനെക്കാണാതെ
ഞാന്‍ പുറമേ അന്യേഷിച്ചു
നിരാശയായി നെടുവീര്‍പ്പിടുന്നു.
എന്നിട്ടും അവനെ ഞാന്‍ കാണുന്നുമില്ല!
കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുമില്ല.!


ശ്രീദേവിനായര്‍.

Friday, September 26, 2008

ഒരുസ്വപ്നം

ഒരുജീവിതമിന്നെന്നെപ്പഠിപ്പിച്ചു,
പലതാംവഴിയില്‍ക്കടന്നുപോയീ..
പലതാംകാഴ്ച്ചകള്‍കാട്ടിപ്പിന്നെ
പലവാക്കുചൊല്ലിപ്പിരിഞ്ഞുപോയി.

ഒരുപാടുസ്വപ്നംകൊഴിഞ്ഞുവീണു.
സിന്ദൂരസന്ധ്യതന്‍ മോഹങ്ങളും.
ഒരുദിവ്യരാഗംപകുത്തുനല്‍കാന്‍,
ഇനിയൊരുജന്മമെനിക്കുനല്‍കു..


ശ്രീദേവിനായര്‍.

Saturday, June 7, 2008

ചതി

വരികള്‍വ്യക്തമായിരുന്നൂ..
ഞാന്‍ നോക്കി,വീണ്ടും..വീണ്ടും..വീണ്ടും..
കവിയുടെ എഴുത്തില്‍,നേരുണ്ടോ?
തീര്‍ച്ചയായും..
കവി അറിയാതെയെങ്കിലും,അവപുറത്തുതലനീട്ടും.
ചിലപ്പോള്‍,ഉഗ്രവിഷമുള്ളസര്‍പ്പമായ്..
ചിലപ്പോള്‍,മനം മയക്കുന്നമദാലസയായ്..
മറ്റുചിലപ്പോള്‍,അപശ്രുതിയുയര്‍ത്തുന്ന
ഗാനമായ്...
പക്ഷെ..
ഇപ്പോള്‍ കവിയുടെമനസ്സ്തലനീട്ടുന്നൂ..
അതില്‍മുഖംഞാന്‍ കാണുന്നില്ലാ.
അന്ധകാരം മാത്രം..
തമസ്സിന്റെനടുവില്‍,ഒന്നിനുംവയ്യാത്തനിലയില്‍,
അസത്യവും,ചതിയും,പതുങ്ങിനില്‍ക്കുന്നൂ..
കപടതയും,വഞ്ചനയും.അന്യോന്യംനോക്കി,
കണ്ണിറുക്കുന്നൂ...
അക്ഷരം അപ്പോഴും ഉത്തരമില്ലാതെ,.
അടുത്ത ഇരയ്ക്കുവേണ്ടി തലനീട്ടുന്നൂ...
ഞാന്‍ വീണ്ടും..വീണ്ടും..നോക്കി..
ഒരു മിന്നല്‍ പിണരിന്റെവെളിച്ചത്തില്‍..
എനിക്കു വായിക്കാന്‍...കഴിഞ്ഞൂ...
എഴുത്തിന്റെ എല്ലാ അക്ഷരങ്ങളിലും,
എഴുത്ത് കവിയെ ചതിക്കാന്‍ തുടങ്ങിയിരിക്കുന്നൂ..?

Wednesday, June 4, 2008

ഞാന്‍

ജാഗ്രത് അവസ്ഥയില്‍ഞാന്‍,
ഞാനായിരിക്കുമെന്നുഞാന്‍,
കരുതുന്നൂ...
സുഷുപ്തിയിലും,സ്വപ്നത്തിലും,
ഞാന്‍,ഞാനായിരിക്കണമെന്നു,
ആഗ്രഹിക്കുകയുംചെയ്യുന്നൂ...
ഞാനെന്ന എന്നെഞാന്‍സകല ഇടങ്ങളിലും,
എന്നിലും,നിങ്ങളിലും,കാണാന്‍ശ്രമിക്കയും
ചെയ്യുന്നൂ...
പിന്നെ,ഞാനാരാണ്..?
ഇതുചോദിക്കുന്നതുഞാനെന്നോടുതന്നെയല്ലേ?
നിങ്ങളിലെ എന്നെനിങ്ങള്‍,തിരയുംപോള്‍...
എന്നിലെനിങ്ങളെഞാനെന്നില്‍ത്തന്നെകാണുന്നൂ..
നാമെന്നുമൊന്നുതന്നെയാണു..
ഒരുജീവിതത്തിന്റെതടവിലാക്കപ്പെട്ട,
പല അവസ്ഥാന്തരങ്ങള്‍...
പിന്നെ നാം എന്തിനുകലഹിക്കുന്നൂ?
സ്നേഹിക്കുക,അന്യരെ..
അവരില്‍ക്കൂടിഅവനവനേയും....

Monday, June 2, 2008

മൌനം

ഒരുശബ്ദംപുറപ്പെടുകയാണു..
അതുഇരകളെകൊന്നുതിന്നുന്ന,
ജീവികളെപ്പോലെയാണു..
വലിയവ,ചെറിയവയെകൊന്നു..
അവസാനംവലിയശബ്ദങ്ങള്‍,
ഉള്ളിടത്തേയ്ക്ക്,ചെറിയവ വരാതായീ..
ചെറിയശബ്ദങ്ങള്‍പരല്‍മീനുകളെപ്പോലെ,
ഓടിക്കൊണ്ടിരുന്നൂ...
പുറത്തുവന്നാല്‍,വിഴുങ്ങുമെന്നുഭയന്നു,
അകന്നുതന്നെക്കഴിഞ്ഞു..
അവജനിക്കാതെതന്നെജീവിക്കാന്‍,
ശ്രമിക്കുന്നുണ്ടായിരുന്നൂ...
അവമൌനമായിരുന്നൂ...
അവയുടെഅര്‍ത്ഥംസമ്മിശ്രമാണു...
അവപലകാലങ്ങളിലും,പലയിടങ്ങളിലുമുണ്ട്..
അവ ഒരിക്കലും പിറവി യെടുക്കില്ലെന്നു,
ഉറപ്പുകൊടുത്തുകൊണ്ടുകഴിയുകയാണ്..
ചിലമൌനങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പു,
അവയ്ക്ക്ശബ്ദമാകാന്‍,കഴിഞ്ഞിരുന്നുവോ??
മരണത്തെക്കുറിച്ചു അവയെങ്ങനെ മനസ്സിലാക്കീ...??